---
title: "കൊന്ന് തള്ളിയതെന്ന് ?ഡ്രൈവർ ജിജിത്തിന്റെ മരണം ഗുരുതര ആരോപണങ്ങളുമായി ബസ് തൊഴിലാളികൾ"
english_title: "Bus workers have made serious allegations that the death of driver Jijith was killed and thrown away"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/161600/Bus workers have made serious allegations that the death of driver Jijith was killed and thrown away"
published_at: "2023-11-12T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6550b423e90d0_IMG-20231111-WA0127.jpg"
keywords: []
---

# കൊന്ന് തള്ളിയതെന്ന് ?ഡ്രൈവർ ജിജിത്തിന്റെ മരണം ഗുരുതര ആരോപണങ്ങളുമായി ബസ് തൊഴിലാളികൾ

> **Lead Summary:**  തലശ്ശേരി : ഇന്നലെ മരിച്ച സ്വകാര്യ ബസ് ഡ്രൈവർ ജിജിത്തിന്റെ മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി ബസ് തൊഴിലാളികൾ . ജിജിത്തിനെ അവർ കൊന്നുതള്ളിയതാണ്. ഇതൊരു ആൾക്കൂട്ട കൊലപാതകമാണെന്നും ആരോപണം.

## Article Content

 തലശ്ശേരി : ഇന്നലെ മരിച്ച സ്വകാര്യ ബസ് ഡ്രൈവർ ജിജിത്തിന്റെ മരണത്തിൽ ഗുരുതര ആരോപണങ്ങളുമായി ബസ് തൊഴിലാളികൾ . ജിജിത്തിനെ അവർ കൊന്നുതള്ളിയതാണ്. ഇതൊരു ആൾക്കൂട്ട കൊലപാതകമാണെന്നും ആരോപണം.

കാല്‍നടയാത്രക്കാരനെ ബസ് ഇടിച്ചശേഷം ആള്‍ക്കൂട്ട ആക്രമണത്തിനിരയായി ബസില്‍നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ ജിജിത്ത് ട്രെയിന്‍ തട്ടി മരിച്ച സംഭവത്തിൽ വടകര - തലശ്ശേരി റൂട്ടിലെ ബസ് ജീവനക്കാരാണ് സമഗ്ര അന്വേഷണം ആവശ്യപ്പെടുന്നത്.

> മാധ്യമങ്ങൾക്കെതിരെയും തൊഴിലാളികൾ വിമർശനം ഉന്നയിക്കുന്നുണ്ട്. ബസ് തൊഴിലാളികൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത കുറിപ്പ് വായിക്കാം...... "ഡ്രൈവറെ മർദ്ദിച്ച് കൊന്ന് ട്രെയിനിന് മുന്നിൽ വലിച്ചെറിഞ്ഞ്, ട്രെയിൻ തട്ടി മരിച്ചതെന്ന് പ്രചാരണം, പ്രതികളെ അറസ്റ്റ് ചെയ്യും വരെ കണ്ണൂർ കോഴിക്കോട് തലശ്ശേരി വടകര റൂട്ടുകളിൽ ബസ്സുകൾ സർവീസ് നടത്തില്ല.

വാർത്തകൾ നിഷ്പക്ഷമായും സത്യസന്ധതയോടെയും നൽകുക എന്നതാണ് മാധ്യമധർമ്മം. എന്നാൽ സ്വകാര്യ ബസ് ജീവനക്കാർ അക്രമത്തിന് ഇരയാകുമ്പോൾ വാർത്തകൾ അക്രമികൾക്ക് അനുകൂലമാക്കുന്ന രീതിയിൽ നൽകി അക്രമം പ്രോത്സാഹിപ്പിച്ച് ഉദ്യോഗസ്ഥരെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുന്നത് മാധ്യമങ്ങളുടെ സ്ഥിരം രീതിയാണ്. പ്രതികളായ അക്രമികൾ മിനിട്ടുകളോളം മർദ്ദിച്ചു കൊന്ന് ട്രെയിനിങ് മുന്നിൽ വലിച്ചെറിഞ്ഞ ശേഷം, ട്രെയിൻ തട്ടി മരണപ്പെട്ടു എന്ന രീതിയിൽ അക്രമികൾ പ്രചരിപ്പിച്ചു.

അതേറ്റു പിടിച്ച് മാധ്യമങ്ങളും. ഈ ഫോട്ടോയിൽ കാണുന്നത് വീഡിയോയിൽ കണ്ടക്ടറെ മർദ്ദിക്കുന്ന അതേ അക്രമികളുടെ സംഘത്തിൽ പെട്ടവർ മർദ്ദിച്ചു കൊന്ന് ട്രെയിനിന് മുന്നിലിട്ട് ട്രെയിൻ തട്ടി മരിച്ചെന്ന് പ്രചരിപ്പിക്കുന്ന, ജീവിക്കാൻ വേണ്ടി കാക്കിയണിഞ്ഞ ഡ്രൈവർ ജിജിത്ത്. അഞ്ചര മീറ്റർ തികച്ചില്ലാത്ത കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ തൊണ്ണൂറ്‌ കാലഘട്ടത്തിലെ ടൈം ഷീറ്റും കൊണ്ട് ഒരു സ്റ്റാൻഡിൽ നിന്നും മറ്റൊരു സ്റ്റാൻഡിലേക്ക് പ്രൈവറ്റ് ബസ് ഓടി എത്തിക്കേണ്ട ജോലി ഗതികേട് കൊണ്ട് ചെയ്യാൻ ഇറങ്ങിയ ഒരു ഡ്രൈവർ. പിന്നാലെ ഓടി വരുന്നത് നിയമം സ്വയം നടപ്പിലാക്കാൻ ലൈസെൻസ് എടുത്ത കവലകളിലെ അക്രമികളായ ജഡ്ജിമാർ, കൊലപാതകികൾ ! ഓടി വരുന്ന ബസ്സിന് മുന്നിലേക്ക് അശ്രദ്ധമായി പെട്ടെന്ന് വട്ടം ചാടിയ കാൽനട യാത്രക്കാരൻ അപകടത്തിൽപ്പെട്ട ശേഷം, അപകടത്തിൽ പെട്ടവരെ തിരിഞ്ഞു നോക്കാതെ ബസ് ഡ്രൈവറെ മിനിട്ടുകളോളം മർദ്ദിച്ചു കൊലപ്പെടുത്തി ട്രെയിനിന് മുന്നിൽ വലിച്ചെറിഞ്ഞ കാപാലികർ.

കോടതിയുടെ പണി ഏറ്റെടുത്ത് വിധി സ്വമേധയാ നടപ്പാക്കി കള്ളവാർത്ത പ്രചരിപ്പിക്കുന്ന അക്രമികൾ, നിയമവിരോധികൾ, ഗുണ്ടകൾ, രാജ്യ ദ്രോഹികൾ ! ഡ്രൈവർ ജിജിത്ത്, ആൾക്കൂട്ട അക്രമണത്തിന്റെ ഇര എന്ന് നിസംശയം പറയാം.

കൊല്ലപ്പെട്ടത് ഒരു പ്രൈവറ്റ് ബസ് തൊഴിലാളി ആയത് കാരണം മധുവിന് വേണ്ടിയോ, നോർത്ത് ഇന്ത്യയിലും, ഇന്ത്യക്ക് പുറത്ത് നടക്കുന്ന ആൾക്കൂട്ട അക്രമണങ്ങൾക്കും, കൊലപാതകങ്ങൾക്കും വേണ്ടിയോ കണ്ണീർ പൊഴിക്കുന്ന ആരും ഈ സഹോദരന് വേണ്ടി അപലപിക്കും എന്നു തോന്നുന്നില്ല.

പോലീസോ, കോടതിയോ, മനുഷ്യാവകാശ കമ്മീഷനോ സ്വമേധയാ കേസ് എടുക്കാൻ മുന്നോട്ടു വരില്ല. അടുത്തിടെ ആക്രമിക്കപ്പെട്ട #KSRTC ജീവനക്കാരനു കിട്ടിയ നീതി പോലും ഇന്ന് നമ്മളോട് കൂടെ ഇല്ലാത്ത ഈ സഹോദരന് കിട്ടുമോ എന്ന് നമ്മൾ ഭയപ്പെടുന്നു. കാരണം പ്രൈവറ്റ് ബസ് ജീവനക്കാർ എന്നത് പൊതുജനത്തിന്റെയും, പോലീസ്, ആർടിഒ ഉദ്യോഗസ്ഥമാരുടെയും ചെണ്ട എന്ന നിലയിലേക്ക് ദിവസേന മാറി കൊണ്ടിരിക്കുന്നത്.

അല്ലെങ്കിൽ നിയമസംവിധാനവും ഉദ്യോഗസ്ഥരും മാറ്റി കൊണ്ടിരിക്കുന്നത്. ഇന്നൊരു സഹോദരനെ മർദ്ദിച്ചു കൊലപ്പെടുത്തി, അവൻ്റെ ജീവനറ്റ ശരീരം നമ്മളുടെ കണ്മുന്നിൽ തെളിഞ്ഞു നിൽക്കുന്നു. കുറ്റവാളികൾക്ക് മാതൃകപരമായ ശിക്ഷ ലഭിച്ചില്ല എങ്കിൽ ഇത് പോലുള്ള കവല ചട്ടമ്പികൾ ഇനിയും നിയമം കൈയ്യിലെടുക്കും. കാര്യ കാരണങ്ങളോ, സത്യാവസ്ഥയോ, ന്യായമോ നോക്കാതെ അത് നാളെ എനിക്കോ നിങ്ങൾക്കോ എതിരെ ആകാം. ഈ വീഡിയോ മനസ്സിനെ ഏറെ വേദനിപ്പിക്കുന്നു.

> പക്ഷെ പകൽ പോലെ തെളിച്ചമുള്ള വീഡിയോയിൽ കണ്ടക്ടറെ മർദ്ദിക്കുന്നത് കണ്ടിട്ടും, അതേ രീതിയിൽ മർദ്ദിച്ചു കൊലപ്പെടുത്തി ട്രെയിനിന് മുന്നിൽ വലിച്ചെറിഞ്ഞ്, ബസ് ഡ്രൈവർ സ്വമേധയാ ഓടി ട്രെയിൻ ഇടിച്ചു മരണപ്പെട്ടു എന്നു കള്ളം പ്രചരിപ്പിക്കുന്ന മാപ്രകളുടെ റിപ്പോർട്ടിനെ പൊളിക്കാനും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരാനും ഈ വീഡിയോ നിങ്ങളിൽ എത്തിച്ചേ മതിയാകൂ."

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/161600/Bus workers have made serious allegations that the death of driver Jijith was killed and thrown away)